ന്യൂഡൽഹി: താരിഫ് ഭീഷണി നിലനിൽക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യാപാര ബന്ധങ്ങൾക്ക് പുറമെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും ചർച്ചാവിഷയമായി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പോസ്റ്റിൽ കുറിച്ചു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ അധിക താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കിടയിലാണ് ഇരുനേതാക്കളുടെയും നിർണായക ഫോൺ സംഭാഷണം നടന്നിരിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അനുകൂല സൂചനയാണ് ഈ ചർച്ചയെ വിലയിരുത്തുന്നത്.